സൂക്ഷിച്ചോളൂ.... അവർ വിരിക്കുന്ന വല ഭീകരമാണ്.... നിങ്ങളും മക്കളും കുടുംബവും ഭീഷണിയുടെ നിഴലിലാണ്...

സൂക്ഷിച്ചോളൂ.... അവർ വിരിക്കുന്ന വല ഭീകരമാണ്.... നിങ്ങളും മക്കളും കുടുംബവും ഭീഷണിയുടെ നിഴലിലാണ്...
Aug 20, 2024 11:03 AM | By PointViews Editr


മുഴുവനായി വായിക്കുക. കഥയെന്ന് തോന്നുന്നതും എന്നാൽ വ്യാപകമായി സംഭവിക്കുന്നതുമായ വസ്തുതയാണ് ചുവടെയുള്ളത്.

നിങ്ങൾ കുരുക്കിലാണ്... ബി കെയർഫുൾ...


ഹലോ മാഷല്ലേ?....

- അതെ.

നിങ്ങളുടെ മകളിപ്പോൾ എവിടെയാണുള്ളത്?

- ചെന്നൈയിൽ ഹോസ്റ്റലിലുണ്ട്.

നിങ്ങളിപ്പോൾ മകളെ വിളിച്ചിരുന്നോ?

- ഇല്ല.

ഇപ്പോൾ അവൾ ഹോസ്റ്റലിലുണ്ടോയെന്ന് നിങ്ങൾക്കുറപ്പുണ്ടോ?

- ങ്ങേ.... എന്താ എന്ത് പറ്റി? നിങ്ങളാരണ്?

ഞാൻ സെൻട്രൽ നാർകോട്ടിക് സെല്ലിലെ ഉദ്യോഗസ്ഥനാണ്. നിങ്ങളുടെ മകൾ ഇപ്പോൾ ഞങ്ങളുടെ കസ്റ്റഡിയിലാണുള്ളത്.

- ങ്ങേ...... നോ.....

ലഹരിമരുന്ന് ഉപയോഗിച്ചതിന് നിങ്ങളുടെ മകളേയും കൂട്ടുകാരികളേയും ഞങ്ങൾ പിടികൂടിയിരിക്കുകയാണ്.

- ഇല്ല, അങ്ങനെ സംഭവിക്കില്ല.... എൻ്റെ മകൾ അങ്ങനെ ചെയ്യില്ല....

അത് നിങ്ങളുടെ വിശ്വാസമല്ലേ? അത് ശരിയാകണമെന്നില്ലല്ലോ....

- എൻ്റെ മകൾ ചെയ്യില്ല, ഉറപ്പ്....

നിങ്ങൾ ഇമോഷണലായിട്ടു കാര്യമില്ല, ഞങ്ങൾ അവരെ പിടികൂടി മജിസ്ടേറ്റിന് മുന്നിൽ ഹാജരാക്കാൻ ഒരുങ്ങുവാണ്. അപ്പോൾ നിങ്ങളുടെ മകളുടെ നില കണ്ടപ്പോൾ വിളിച്ചതാണ്. നിങ്ങൾ ചെന്നൈയിലേക്ക് വരാൻ റെഡിയാകൂ.

- നോ, അങ്ങനെ സംഭവിക്കില്ല, നിങ്ങൾ നുണ പറയുകയാണ്, ഞാനിത് വിശ്വസിക്കില്ല.

നിങ്ങളുടെ നമ്പർ കിട്ടിയത് നിങ്ങളുടെ മകളെ പിടികൂടിയ ശേഷം ഫോണുകൾ കസ്റ്റഡിയിലെടുത്തപ്പോൾ ആണ്. അല്ലാതെ നിങ്ങളെ ഞാനെങ്ങനെയാണ് വിളിക്കുക? നിങ്ങൾക്ക് സംശയമുണ്ടോ? ......മിനീ ...(നീട്ടി പേര് വിളിക്കുന്നു. മകളുടെ കരച്ചിൽ ഫോണിൽ കേൾക്കാം, അഛാ അഛാ എന്ന് വിളിക്കുന്നതും കേൾപ്പിക്കുന്നു.... മിനീ വരൂന്ന അഛനോട് സംസാരിക്കൂ.... വേഗം എന്ന് പറയുന്നതും കേൾക്കാം.)

- മോളേ..... മോളേ... എന്താ പറ്റിയത്. (പക്ഷെ മറുപടി കിട്ടിയില്ല, മകൾ സംസാരിച്ചില്ല )

മകൾക്ക് സംസാരിക്കാൻ താൽപര്യമില്ല. ഒരു കാര്യം ചെയ്യു, നിങ്ങൾ ചെന്നൈയിലേക്ക് വേഗം പുറപ്പെടൂ, കുട്ടിയെ കോടതിയിൽ ഹാജരാക്കും. ജാമ്യം ചിലപ്പോൾ ലഭിച്ചേക്കാം. രണ്ട് ജാമ്യക്കാരേയും കൂട്ടിക്കോളൂ.

- സർ, എന്താ സംഭവമെന്നെങ്കിലും ഒന്ന് കൃത്യമായി പറയാമോ? പ്ലീസ്....

നിങ്ങളുടെ മകളേയും കൂട്ടുകാരികളേയും മയക്കുമരുന്ന് സഹിതം ഞങ്ങൾ പിടികൂടി. അവരെ പൊലീസ് സ്റ്റേഷനിലാണിപ്പോൾ. ഫോൺ പരിശോധിച്ചപ്പോൾ ഇവർക്ക് മയക്കുമരുന്ന് വിൽപനയും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതിൽ കൂടുതൽ ഇടപാടുകൾ നടന്നിട്ടുള്ളത് നിങ്ങളുടെ മകളുടെ ഫോൺ ഉപയോഗിച്ചാണ്. പക്ഷെ ഞങ്ങൾ പരിശോധിച്ചപ്പോൾ മനസ്സിലായത് നിങ്ങളുടെ മകളല്ല, അവളുടെ കൂട്ടുകാരിയാണ് നിങ്ങളുടെ മകളുടെ ഫോൺ ഉപയോഗിച്ച് ഇടപാടുകൾ നടത്തിയിരുന്നതെന്നാണ്. അക്കാര്യം നിങ്ങളുടെ മകൾ അറിഞ്ഞിരുന്നില്ല. മകളെ ലഹരിയിൽ പെടുത്തിയ ശേഷം ആ സമയത്താണ് കൂട്ടുകാരി നിങ്ങളുടെ മകളുടെ ഫോൺ ഉപയോഗിച്ച് ഇടപാടുകൾ നടത്തിയിരുന്നത്. ലഹരി ഉപയോഗിച്ചിരുന്ന സമയത്ത് ന്യൂഡ് ഫോട്ടോസും (വിവസ്ത്രരായുള്ള ചിത്രങ്ങളും) എടുത്തിട്ടുള്ളതായി ഫോണിൽ കാണുന്നുണ്ട്. അപ്പോൾ നിങ്ങൾ നേരിട്ടു വരിക. എത്ര സമയം വേണ്ടിവരും ഇവിടെയെത്താൻ?

- സർ, ഞാൻ കേരളത്തിലാണ്. കുറഞ്ഞത് 15 മണിക്കൂർ എങ്കിലും വേണ്ടിവരും സർ.

ശരി, ഇന്ന് ശനിയാഴ്ച രാത്രിയായല്ലോ. മജിസ്ടേറ്റിൻ്റെ വീട്ടിൽ ഹാജരാക്കാൻ ആണ് ആലോചിക്കുന്നത്. നിങ്ങൾ എത്തുമെങ്കിൽ ഞങ്ങൾ പൊലീസ് കസ്റ്റഡിയിൽ തന്നെ വയ്ക്കാം. നാളെ ഞായർ അവധി കഴിഞ്ഞ്, തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കാം. ഇപ്പോൾ ഹാജരാക്കിയാൽ റിമാൻഡ് ചെയ്യും. ജാമ്യം കിട്ടാൻ സാധ്യതയില്ല, നിങ്ങൾ ഒരു അഡ്വക്കറ്റിനെയും കുട്ടി കോടതിയിൽ വന്നാൽ ഒരു പക്ഷെ ജാമ്യം കിട്ടിയേക്കും.

- സർ, പ്ലീസ്, എൻ്റെ മകൾ രക്ഷപ്പെടാൻ എന്താ സാർ ഞാൻ ചെയ്യേണ്ടത്? പ്ലീസ് സർ....

ശരി, ഒരു കാര്യം ചെയ്യാം. ഇതിൽ നിങ്ങളുടെ മകൾ നിരപരാധിയാണെന്ന് മനസ്സിലായതുകൊണ്ടാണ് നമ്പർ എടുത്ത് നിങ്ങളെ വിളിച്ചത്. നിങ്ങളുടെ മകൾ പാവമാണ്. കൂട്ടുകാരുടെ കൂടെ കൂടിപെട്ടു പോയതാണ് എന്ന് ഞങ്ങൾക്ക് മനസ്സിലായിട്ടുണ്ട്. ശരി, നിങ്ങളുടെ സ്ഥിതി ഞങ്ങൾക്ക് മനസ്സിലായതു കൊണ്ട് ആണ്, നിങ്ങളുടെ മകളെ ഒഴിവാക്കാൻ ശ്രമിക്കാം. എന്താ?

- സാർ, ഞാൻ എന്താ ചെയ്യേണ്ടത്.... പ്ലീസ്....

എന്തായാലും നിങ്ങൾ പുറപ്പെടാൻ തയാറാകു, ..... അത് പോട്ടെ നിങ്ങളുടെ കൈവശം എത്ര കാശുണ്ട്?

- സാർ,,, കൈയിൽ അങ്ങനെ കാശായി ഒന്നുമില്ല സാർ.

അക്കൗണ്ടിൽ പണമില്ലേ?

- സാർ, എല്ലാം കൂടി നോക്കിയാൽ ഒരു പതിനയ്യായിരം രൂപ കാണും സാർ,, ഞങ്ങൾ വെറും സാധാരണക്കാരാണ് സാർ.....

ശരിയാവില്ല, ഞങ്ങൾക്കൊന്നും വേണ്ട, ഇവിടെ ഈ സ്റ്റേഷനിൽ 10 പൊലീസുകാരുണ്ട്, അവർക്ക് ഓരോരുത്തർക്കും ഒരു മൂവായിരം രൂപ കിട്ടുന്ന വിധം ഒരു 30000 രൂപ നിങ്ങൾ ഗൂഗിൾ പേ ചെയ്യൂ, ഞാൻ അവരോട് പറഞ്ഞ് നിങ്ങളുടെ മകളെ, നിങ്ങളുടെ മകളെ മാത്രം വിടാം. കണ്ടിട്ട് പാവം തോന്നിയിട്ടും നിങ്ങളുടെ സ്ഥിതി മനസ്സിലായതു കൊണ്ടുമാണ് കേട്ടല്ലോ.... ശരി പുറപ്പെടാൻ നോക്ക്...

- സാർ ഈ രാത്രി ഞാൻ എവിടെന്ന് കാശുണ്ടാക്കാനാണ്? പിന്നെയെനിക്ക് ഗൂഗിൾ പേ ചെയ്യാൻ ശരിക്ക് അറിയില്ല. സാർ...

നിങ്ങൾ ഫോൺ കട്ട് ചെയ്യാതെ തന്നെ ശ്രമിച്ചു നോക്കൂ.. ഞാനിവിടെ ഹോൾഡിൽ നിൽക്കാം.. ചെയ്യൂ.....

- സാർ ഫോൺ കട്ട് ചെയ്യാതെ ചെയ്യാൻ വശമില്ല, പ്ലീസ്.... ഞാൻ കട്ട് ചെയ്തിട്ട് ഒന്ന് ശ്രമിക്കാം പ്ലീസ്...

(ഒട്ടും സമയം കളയാതെ ) ആ അച്ഛൻ ഫോൺ കട്ട് ചെയ്തു. അടുത്ത നിമിഷം മകളുടെ ഫോണിലേക്ക് ചങ്കിടിപ്പോടെ വിളിച്ചു. അപ്പുറത്ത് മോൾ ഫോണെടുത്തു. എന്താ അഛാഈ സമയത്ത് വിളിച്ചത് ?

- നീയെവിടാ ഉള്ളത്?

ഞാനിവിടെ ഹോസ്റ്റലിലെമുറയിൽ ഉറങ്ങാൻ കിടക്കുവാണ്.

- വീഡിയോ കോളിൻവാ...

(മകൾ വീഡിയോ കോളിൽ വന്നു ) ഹോസ്റ്റൽ മുറിയിലെ കിടക്കയിൽ മകളുണ്ട്. മുറിയൊന്ന് ചുറ്റും കാണിക്കാൻ പറഞ്ഞു. മകൾ ചുറ്റുപാടുകൾ കാണിച്ചു കൊടുത്തു. സമാധാനം. മകൾ റൂമിലുണ്ട്.

- എന്താ അഛാ? .... എന്താ പെട്ടെന്ന്....

ഒന്നുമില്ല മോളേ, നിന്നെയൊന്ന് കാണണമെന്ന് തോന്നി... ശരി, ഗുഡ് നൈറ്റ്.....


പിന്നെ അഛൻ നേരേ പൊലീസ് സ്റ്റേഷനിലേക്ക് പോയി പരാതി കൊടുത്തു. ഇപ്പോൾ അന്വേഷണം നടത്തി വരികയാണ്.


കണ്ണൂർ ജില്ലയിലെ മലയോര മേഖലയിലുള്ള ഒരധ്യാപകന് ഉണ്ടായ അനുഭവമാണിത്. ഇത്തരം നിരവധി തട്ടിപ്പുകൾ പ്രതിദിനം സംഭവിക്കുന്നു. പക്ഷെ പരാതികൾ ഉണ്ടാകാറില്ല. പരാതിയുണ്ടോ ഇല്ലയോ എന്നത് ഓരോരുത്തരുടെയും വ്യക്തിതാൽപര്യം. പക്ഷെ സാഹചര്യം മുതലെടുത്ത് മാഫിയകൾ വളർന്നു പന്തലിക്കുകയാണ്.

- ചില കാര്യങ്ങൾ മാതാപിതാക്കൾ സ്വയം മനസ്സിലാക്കുകയും മക്കളെ ബോധ്യപ്പെടുത്തുകയും വേണം. ചുറ്റുപാടുകൾ മക്കളും ബോധ്യപ്പെടണം.

- മാതാപിതാക്കളും മക്കളും തമ്മിൽ ഊഷ്മളമായ ബന്ധം ഉണ്ടായിരിക്കണം.

- മക്കൾ ഫോൺ ഉപയോഗം നിയന്ത്രിക്കണം.

- മക്കൾ കൂട്ടുകെട്ടുകൾ ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കണം, കൂട്ടുകാരെ പറ്റിയും അവരുടെ നമ്പറുകളും മാതാപിതാക്കൾക്ക് നൽകണം.

- കൂട്ടുകാരുടെ കുടുംബ നിലവാരത്തെ കുറിച്ച് സാമാന്യബോധം കുട്ടികൾ ഉണ്ടാക്കണം. പൊങ്ങച്ചങ്ങൾ എന്നാൽ പൊള്ളത്തരമാണെന്ന് തിരിച്ചറിയണം.

- - നിയമവിരുദ്ധവും പൊതു സമൂഹജീവിതത്തിന് ശല്യമാകുന്ന ബന്ധങ്ങളും കൂട്ടുകെട്ടും ഇടപാടുകളും കുട്ടികൾ നടത്തരുത്. അക്കാര്യത്തിൽ മാതാപിതാക്കളും അധ്യാപകരും കർശന നിലപാട് സ്വീകരിക്കണം.

- മക്കൾ കുറ്റകൃത്യങ്ങളിലോ വഴിവിട്ട കൂട്ടുകെട്ടിലോ പെട്ട് നിയമവിരുദ്ധമായി പെരുമാറുന്നുണ്ട് എന്നറിഞ്ഞാൽ ദയ കൂടാതെ അവരെ നിയമത്തിന് മുന്നിൽ എത്തിക്കാൻ മാതാപിതാക്കൾ ശ്രമിക്കണം. നിയമം ശിക്ഷിക്കാൻ വേണ്ടി മാത്രമല്ല, മികച്ച വ്യക്തികളാകാനുള്ള പരിശീലനത്തിനും കൂടിയുള്ളതാണ്.

- നിങ്ങൾക്കറിയാറുന്ന സാങ്കേതികജ്ഞാനം തികച്ചും ശ്രദ്ധയോടെ മാത്രം ഉപയോഗിക്കുക. ഫോൺ, ഗൂഗിൾപേ, സോഷ്യൽ മീഡിയ, ബാങ്ക് അക്കൗണ്ട് ഇടപാടുകൾ എല്ലാം പരമാവധി നിയന്ത്രണ വിധേയമായിരിക്കണം.

- മക്കളെ മികച്ച വ്യക്തികളാക്കാൻ വേണ്ടി വളർത്തുക. സമ്പന്നരാകുക എന്നതല്ല സമാധാനപൂർണമായി ജീവിക്കാനും സന്തോഷത്തോടെ പൊതു ജീവിതത്തിലും വ്യക്തി ജീവിതത്തിലും വിജയിക്കാനാണ് പരിശീലിപ്പിക്കേണ്ടത്.

(കഥ തുടരും, കേസും തുടരും, വാർത്തയും തുടരും)

Be careful.... The net they are spreading is terrible.... You, your children and your family are in the shadow of the threat...

Related Stories
നീച വാർത്തകൾ തലച്ചോറിൻ്റെ ആരോഗ്യത്തെ തകർക്കും. കൂടാതെ മറ്റ് 7 കാര്യങ്ങളും.

Sep 14, 2024 11:39 AM

നീച വാർത്തകൾ തലച്ചോറിൻ്റെ ആരോഗ്യത്തെ തകർക്കും. കൂടാതെ മറ്റ് 7 കാര്യങ്ങളും.

7 കാര്യങ്ങൾ, നീച വാർത്തകൾ തലച്ചോറിൻ്റെ ആരോഗ്യത്തെ...

Read More >>
 ഗ്യാസ് എങ്ങനെ കൈകാര്യം ചെയ്യും? മാർഗ്ഗ നിർദ്ദേശവുമായി ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് .

Sep 13, 2024 09:53 AM

ഗ്യാസ് എങ്ങനെ കൈകാര്യം ചെയ്യും? മാർഗ്ഗ നിർദ്ദേശവുമായി ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് .

ഗ്യാസ് എങ്ങനെ കൈകാര്യം ചെയ്യുംമാർഗ്ഗ നിർദ്ദേശവുമായി ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് ....

Read More >>
മയക്കൻമാരെ ഒതുക്കാൻ  എക്സൈസിൻ്റെ നമ്പറുകൾ.

Sep 9, 2024 12:21 PM

മയക്കൻമാരെ ഒതുക്കാൻ എക്സൈസിൻ്റെ നമ്പറുകൾ.

മയക്കൻമാരെ ഒതുക്കാൻ എക്സൈസിൻ്റെ...

Read More >>
മജ്ജ മാറ്റിവെക്കൽ ചികിത്സാ രംഗത്ത്  കേരള ബോൺമാരോ രജിസ്ട്രി.

Sep 4, 2024 08:25 PM

മജ്ജ മാറ്റിവെക്കൽ ചികിത്സാ രംഗത്ത് കേരള ബോൺമാരോ രജിസ്ട്രി.

കേരള ബോൺമാരോ രജിസ്ട്രി,ആരോഗ്യ വകുപ്പ് അനുമതി നൽകി., ഇന്ത്യയിൽ നിലവിൽ സർക്കാരിതര മേഖലയിൽ 6 ബോൺമാരോ രജിസ്ട്രികൾ...

Read More >>
കണ്ണൂർ ജില്ലയിലെ എക്സൈസ് ഓഫിസർഎൻഡ്യൂറൻസ് ടെസ്റ്റ്  സെപ്റ്റംബർ  4 ന് കോഴിക്കോട്ട്.

Aug 30, 2024 11:22 AM

കണ്ണൂർ ജില്ലയിലെ എക്സൈസ് ഓഫിസർഎൻഡ്യൂറൻസ് ടെസ്റ്റ് സെപ്റ്റംബർ 4 ന് കോഴിക്കോട്ട്.

ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ,നേരിട്ടുള്ള...

Read More >>
Top Stories